2013, മാർച്ച് 12, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII

ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം

കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വം അഥവാ തെറ്റു വരാന്‍ പാടില്ലായ്മ. മാര്‍പ്പാപ്പായുടെ അപ്രമാദിത്വം വളരെയധികം തെറ്റിദ്ധാരണകള്‍ വളര്‍ത്തിയിട്ടുണ്ട്. 1869-70ല്‍ ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ കാലത്ത് വത്തിക്കാനില്‍ സമ്മേളിച്ച സൂനഹദോസാണ് മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം ഉണ്ട് എന്നു പ്രഖ്യാപിച്ചത്. ഹൊര്‍മീസ് പെരുമാലില്‍ ''ക്രിസ്തുമതവും ഭാരതവും'' എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''വളരെയധികം വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഒരു പ്രകാരത്തില്‍ അഗീകാരം നേടി'' (പേജ് 239).
 
മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെക്കുറിച്ചുള്ള ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ താഴെ കൊടുക്കുന്നു: 'We teach and difine that it is a dogma, divinely revealed that the Roman Pontiff, when he speaks Ex Cathedra, that is, when he discharge of the office of pastor and doctor of all Christians,by virtue of his supreme Apostolic authority, he defines a doctyrine regarding faith and morals to be held by the universal Church, by the divine assistance promised him in blessing Peter, is possessed of that infallibility with which the divine Redeemer willed that his Church should be endowed for difining doctrines regarding faith and morals, and that therefore such definitions of the Roman Pontiff of themselves-and not by virtue of the consent of Church - are irreformable''................ 'But if anyone - which may God forbid! - shall persume to contradict this our definition: let him be a anathema''.
 
ഈ പ്രഖ്യാപനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
(1) മാര്‍പ്പാപ്പാ നടത്തുന്ന എല്ലാ പ്രഖ്യാപനങ്ങള്‍ക്കും അപ്രമാദിത്വം ഇല്ല. ''എക്‌സ് കത്തീഡ്രാ'' ആയി അതായത് പത്രോസിന്റെ സിംഹാസനത്തി ലിരുന്ന് സഭാ തലവന്‍ എന്ന നിലയില്‍ ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാ പനങ്ങള്‍ക്കു മാത്രമേ അപ്രമാദിത്വം അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. 

(2) ഈ പ്രഖ്യാപനങ്ങള്‍ സഭയ്ക്ക് മുഴുവനും ബാധകമായിട്ടുള്ളതായിരിക്കണം. ഏതെങ്കിലും പ്രത്യേക പ്രദേശത്തെയോ ജനങ്ങളെയോ ബാധിക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങള്‍ അപ്രമാദിത്വമുള്ളവയല്ല. 

(3) ഈ പ്രഖ്യാപനങ്ങള്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചുള്ളവയായിരിക്കണം.
 
ഒരു മനുഷ്യനെന്ന നിലയില്‍ മാര്‍പ്പാപ്പാ അപ്രമാദിത്വം ഉള്ള ആളല്ല. സഭാതലവന്‍ എന്ന നിലയില്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പരിശുദ്ധാരൂപി മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം കൊടുക്കും എന്നാണ് കത്തോലിക്കാ സഭാ വിശ്വാസം. 
 
ഈ വിശ്വാസം വളരെയധികം തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. 1-ാം വത്തിക്കാന്‍ കൗണ്‍സിലിലെ ഈ പ്രഖ്യാപനം സഭകളുടെ യോജിപ്പിനെതിരെയുള്ള ഏറ്റവും വലിയ വിലങ്ങുതടിയായിട്ടാണ് ഇതര സഭകള്‍ ഇന്നു കാണുന്നത്. 
 
അപ്രമാദിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസത്തിന്റെ അതിര്‍ത്തി വരമ്പുകളെ സംബന്ധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ത്തന്നെ ഇന്നും തര്‍ക്കം നിലവിലുണ്ട്. മാര്‍പ്പാപ്പായ്ക്കല്ല സഭയ്ക്കാണ് അപ്രമാദിത്വം എന്നു ചിലര്‍ വാദിക്കുന്നുണ്ട്. സഭയുടെ അപ്രമാദിത്വം ആദ്യ കാലങ്ങളില്‍ത്തന്നെ ദൈവശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചിരുന്നു. ക്രിസ്തു ശിരസ്സായ സഭയ്ക്ക് ഒരിക്കലും തെറ്റുവരാന്‍ പാടില്ലല്ലോ? സഭ ക്രിസ്തുവിന്റെ ഭൗതികശരീരമാെണങ്കില്‍ ക്രിസ്തുവിനെപ്പോലെ അത് ''ഏകവഴിയും സത്യവു'' മാകുന്നു. പക്ഷേ അപ്രമാദിത്വം ഉള്ള സഭ ഏത് എന്ന് നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു. മാനുഷികമായ ബലഹീനതകള്‍ നിറഞ്ഞ മനുഷ്യരുടെ സഭയാണോ തെറ്റിന് അതീതമായ സഭ? സഭയെ നയിക്കാനും പ്രചോദിപ്പിക്കാനും പരിശുദ്ധാത്മാവ് സഭയോടൊത്തുണ്ട് എന്നു പറയുമ്പോഴും ഏതു സഭ എന്ന ചോദ്യം ന്യായമായും നിലനില്‍ക്കുന്നു.
 
ഈ നൂറ്റാണ്ടിലെ അതിപ്രശസ്തദൈവശാസ്ത്ര പണ്ഡിതനായ കാള്‍ റാണര്‍, പാപ്പായുടെ അപ്രമാദിത്വത്തെ കൂടുതല്‍ വലിയ ഒരു ക്യാന്‍വാസില്‍ വരയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്രമാദിത്വം സഭയ്ക്കാണെന്നും സഭയുടെ പ്രതിനിധി എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മാത്രേമ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം അവകാശപ്പെടാനാവു എന്നും വരെ കാള്‍ റാണര്‍ പറഞ്ഞു വച്ചിട്ടുണ്ട്. 'Hence the human subjects so to speak of infallibility is the Church as a whole, because the spirit lives and works in the church as a whole'' (Sacramentum Mundi, Vol.3, page 134).
 
വേറൊരു പ്രശസ്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാന്‍സ്‌കങ്ങ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. മാര്‍പ്പാപ്പാ എന്ന വ്യക്തിയിലല്ല സഭയിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് ഇദ്ദേഹവും വാദിക്കുന്നു. സഭ, ഘടനാപരമായ സവിശേഷതയുള്ള ഒരു സ്ഥാപനമാണ്. ഈ സവിശേഷത ക്രിസ്തുവിന്റെ മൗതിക ശരീരമായ ഏകസഭയില്‍ വിവിധ പ്രാദേശികസഭകളുടെ സംഘാതമായ കൗണ്‍സിലിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് കാള്‍ റാണര്‍ പറയുന്നു: ''The General Council being the assembly of all local Churches to represent the unity of the ' hearing'' and the teaching Church posses ses the gift of infallibility'' (ibid page 134).
എന്നാല്‍ ഈ വാദങ്ങളൊന്നും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സാധൂകരണാര്‍ഹങ്ങളല്ല. കാരണം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് റോമന്‍ മാര്‍പ്പാപ്പാ തന്നെയാണ് അപ്രമാദിത്വ വരത്തിന് ഉടമയായിട്ടുള്ളത്. അപ്രമാദിത്വത്തെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ തീര്‍പ്പില്‍ മെത്രാന്മാരുടെ കൗണ്‍സിലിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. 
 
മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന് കൗണ്‍സിലാണ് തീരുമാനിച്ചതെങ്കിലും ഈ തീരുമാനം മൂലമല്ല മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ലഭിച്ചത് എന്നാണ് അക്കാലത്ത് ദൈവശാസ്ത്രജ്ഞന്മാര്‍ വാദിച്ചുപോന്നത്. ഇതിന് ഉദാഹരണമായി മറിയത്തിന്റെ അമലോല്‍ഭവത്തെക്കുറിച്ചുള്ള ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ പ്രഖ്യാപനം (1854) കൗണ്‍സിലിനോട് ആലോചിച്ചിട്ടല്ല ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ ശരീരത്തോടു കൂടി മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന പ്രഖ്യാപനം 12-ാം പീയുസ് മാര്‍പ്പാപ്പാ നടത്തി യതും മെത്രാന്മാരുടെ കൗണ്‍സിലിനോട് ആലോചിച്ചിട്ടായിരുന്നില്ല. ഇക്കാരണത്താല്‍ കത്തോലിക്കാ സഭയുടെ പഠനങ്ങളനുസരിച്ച് അപ്രമാദിത്വവരം കൗണ്‍സിലിന്റെ പിന്തുണ ഇല്ലാതെതന്നെ മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാണ്.                                                               (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ