2013, മാർച്ച് 6, ബുധനാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച i)


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി                    (തുടര്ച്ച)                                                                                   മാര്‍പ്പാപ്പാമാരെ അക്കാലഘട്ടങ്ങളില്‍ തെരഞ്ഞെടുത്തിരുന്നത് സ്വാധീന ശക്തിയുള്ള രാജാക്കന്മാരായിരുന്നു. പോപ്പ് ഊര്‍ബര്‍ ആറാമന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച് അരങ്ങേറിയ നാടകം                       ഡോ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 
''1378 മാര്‍ച്ചുമാസം 27-ാം തിയതി പോപ്പ് ഗ്രിഗറി പത്താമന്‍ ചരമമടഞ്ഞു. സഭാനിയമപ്രകാരം പത്തുദിവസങ്ങള്‍ക്കു ശേഷം റോമിലെ പതിനാറു കര്‍ദ്ദിനാളന്മാര്‍ പുതിയ ഒരു പാപ്പായെ തെരഞ്ഞെടുക്കുന്നതിനായി ഒരുമിച്ചു കൂടി. അവരില്‍ പതിനൊന്നു പേര്‍ ഇറ്റലിക്കാരും നാലു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ സ്‌പെയിന്‍കാരനുമായിരുന്നു. വിജയത്തിന്നാവശ്യമായ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം വഴങ്ങാത്ത രണ്ടു വിഭാഗമായി കര്‍ദ്ദിനാളന്മാര്‍ ചേരി തിരിഞ്ഞു. ഗ്രിഗറിയുടെ മരണാനന്തരം ഉടന്‍ തന്നെ ഫ്രഞ്ചുകാരനല്ലാത്ത ഒരാളെ പാപ്പായായി അവരുടെ ഇടയില്‍ നിന്നു തെരഞ്ഞെടുക്കുവാന്‍ വോട്ടറന്മാരെ ഇറ്റലിക്കാര്‍ പ്രേരിപ്പിച്ചിരുന്നു. കോണ്‍ ക്ലേവിനു മുമ്പു തന്നെ അപ്രകാരമൊരു തീരുമാനത്തില്‍ കര്‍ദ്ദിനാളന്മാര്‍ എത്തിച്ചേര്‍ന്നിരുന്നുവത്രേ!
                                                                                  തെരഞ്ഞെടുപ്പിനായി ഏപ്രില്‍ ഏഴാം തിയതി വൈകുന്നേരം കര്‍ദ്ദിനാളന്മാര്‍ റോമില്‍ വന്ന അവസരത്തില്‍ 'ഒരു റോമന്‍ പാപ്പാ അല്ലങ്കില്‍ കുറഞ്ഞ പക്ഷം ഒരു ഇറ്റാലിയന്‍ പാപ്പാ' എന്ന് ആവേശപൂര്‍വം ആര്‍ത്തു വിളിക്കുന്ന ഒരു വലിയ ജനക്കൂട്ടം അവരെ നേരിട്ടു. എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം പാപ്പാഭരണം തിരികെ കിട്ടിയതോടെ, ഇനിയും അവിഞ്ഞോണിലേക്ക് തിരികെപ്പോകുമോ എന്ന ഭയത്താല്‍ ഫ്രഞ്ചുകാരനായ പാപ്പായെ വേണ്ടാ എന്ന് റോമന്‍ ജനത ആഗ്രഹിച്ചിരുന്നു. അതിന്റെ ബാഹ്യപ്രകടനമെന്നോണം കോണ്‍ക്ലേവു സമയം മുഴുവന്‍ റോമന്‍ ജനം നാലു പാടും ചുറ്റിത്തിരിയുകയും പാപ്പായുടെ പ്രത്യേക മുറിയില്‍ നിന്ന് വെടിപൊട്ടിക്കുകയും ഒരു റോമന്‍പാപ്പായ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. അനന്തരം ജനക്കൂട്ടം തെരഞ്ഞെടുപ്പിന്റെ സമ്മേളനസ്ഥലമായ കോണ്‍ക്ലേവിലേക്കും നുഴഞ്ഞുകയറി. എട്ടാം തീയതി വൈകുന്നേരം കാവല്‍ക്കാരെയെല്ലാം തള്ളി നീക്കിക്കൊണ്ട് കോണ്‍ക്ലേവിനുള്ളില്‍ തന്നെ പ്രവേശിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആസന്നമായിരിക്കുന്ന അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാളന്മാര്‍ താമസംവിനാ റോമിലെ ഏറ്റവും പ്രായം കൂടിയ ഒരു കര്‍ദ്ദിനാളിനെ പാപ്പായുടെ വേഷമണിയിച്ച് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി. ക്ഷൂഭിതരായ ജനങ്ങളെ ശാന്തരാക്കുന്നതിനും, അങ്ങനെ അപകീര്‍ത്തിയില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപെടുന്നതിനുംവേണ്ടിയുള്ള ഒരു ഉപായം മാത്രമായിരുന്നു അത്. കുഴപ്പങ്ങള്‍ക്കിടയില്‍ കര്‍ദ്ദിനാളന്മാര്‍ ചിതറിക്കപ്പെട്ടു. പ്രാണരക്ഷാര്‍ത്ഥം ചിലര്‍ പട്ടണങ്ങളില്‍ ഒളിച്ചു. മറ്റു ചിലര്‍ വി. അഞ്ചലോയുടെ കോട്ടയിലുള്ള മാര്‍പ്പാപ്പായുടെ സങ്കേതത്തില്‍ അഭയം തേടി. എന്തെന്നാല്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അവര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിരുന്നില്ല.

നേപ്പിള്‍സുകാരനായ ബര്‍ത്തലോമിയാ പ്രിഞ്ഞാനോയെ (Bartholomeo Prignano) പാപ്പായായി അവര്‍ ഐകകണ്‌ഠ്യേന തെരഞ്ഞടുത്തിരുന്നു. ബാരിയിലെ (Bari) ആര്‍ച്ചു ബിഷപ്പായിരുന്ന അദ്ദേഹം 1378 ഏപ്രില്‍ 8-ാം തിയതി ഊര്‍ബന്‍ ആറാമന്‍ (Urban VI) എന്ന നാമം സ്വികരിച്ചു പാപ്പാസ്ഥാനം ഏറ്റെടുത്തു'                                                                                                                                                                                                                                                                      ‘...കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം മെയ് അവസാനത്തോടു കൂടി റോമാ വിട്ട കര്‍ദ്ദിനാളന്മാര്‍ ക്രമേണ അനാനി (Anagni) യായില്‍ ഒരുമിച്ചു കൂടി. ഊര്‍ബന്‍ ആറാമന്‍ ശരിയായ ഒരു പാപ്പായല്ലെന്നും റോമന്‍ ജനക്കൂട്ടത്തില്‍ നിന്നുള്ള ഭയം നിമിത്തം മാത്രമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ലോകത്തെ അറിയിച്ചുകൊണ്ട് ആഗസ്റ്റ് രണ്ട് എന്ന വ്യാജതീയതി വച്ച് ഒരു പ്രകടന പത്രിക അവര്‍ ഇറക്കി. ഊര്‍ബന്‍ പാപ്പായോട് സ്ഥാനത്യാഗം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചതിനാല്‍, കര്‍ദ്ദിനാളന്മാര്‍ കോണ്‍ക്ലേവു കൂടി സെപ്തംബര്‍ ഇരുപതാം തീയതി ഫ്രഞ്ചുകാരനായ റോബര്‍ട്ട് കര്‍ദ്ദിനാളിനെ (Cardinal Robert of Geneva) പാപ്പായായി തെരഞ്ഞടുത്തു. അദ്ദേഹം ക്ലെമന്റ് സപ്തമന്‍ (Clement VII) എന്ന നാമധേയവും സ്വീകരിച്ചു. എന്നാല്‍ ഊര്‍ബന്‍ മാര്‍പ്പാപ്പാ കര്‍ദ്ദിനാളന്മാരുടെ പുതിയ സംഘം സ്ഥാപിച്ച് ക്ലെമന്റിനേയും അദ്ദേഹത്തിന്റെ അനുയായികളെയും മഹറോന്‍ ചൊല്ലി. ക്ലെമന്റും അതേ നാണയത്തില്‍തന്നെ മടക്കിക്കൊടുത്തു. അങ്ങനെയാണ് പാശ്ചാത്യ ശീശ്മയുടെ ആരംഭം. ഊര്‍ബന്‍ ആറാമന്‍ നിയമാനുസൃതമായ പാപ്പായായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പൊതുവേ യോജിക്കുന്നു. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുവാന്‍ വളരെയധികം തെളിവുകള്‍ വെളിച്ചത്തു കൊണ്ടുവരികയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അസാധ്യമായിരുന്നുവെങ്കില്‍ത്തന്നെയും പൊതുപരിപാടികളിലും രഹസ്യകത്തിടപാടുകളിലും കര്‍ദ്ദിനാളന്മാര്‍ പാപ്പായെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ നിന്ന് അംഗീകാരങ്ങളും ആനുകൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തുവെന്ന വസ്തുത ഇപ്പറഞ്ഞതിനെ അരക്കിട്ടുറപ്പിക്കുകയത്രെ ചെയ്തത്. എന്നാല്‍ സമകാലീനര്‍ക്കു ലഭിക്കാതിരുന്ന പല തെളിവുകളും ഇന്നു ലഭ്യമാണ്. മൂന്നു മാസങ്ങള്‍ക്കു ശേഷം ഊര്‍ബനെ ഏകകണ്ഠമായി നിരാകരിച്ചതായി മാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു. ഓരോ പാപ്പായും തന്റെ ഭാഗം ഏറ്റം ബോധ്യമാകത്തക്കവണ്ണം വാദിച്ചു. കൂടാതെ യൂറോപ്പിലെ പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ പ്രശ്‌നം രൂക്ഷതരമാക്കി. ഫ്രഞ്ചുകാരനായ ക്ലെമന്റിനെ ഫ്രാന്‍സ് സര്‍വ സന്നദ്ധതയോടും കൂടി സ്വീകരിച്ചപ്പോള്‍ ഇംഗ്ലണ്ട് ഊര്‍ബനെയും സ്വാഗതം ചെയ്തു. ഫ്രാന്‍സിന്റെ സഖ്യരാജ്യങ്ങളായിരുന്ന സ്‌കോട്ട്‌ലന്‍ഡ്, സ്‌പെയിന്‍ എന്നിവയും അവിഞ്ഞോണ്‍ ഭാഗത്തു ചേര്‍ന്നു. എന്നാല്‍ ഇറ്റലിയും സ്‌കാന്റിനേവിയായും പശ്ചിമയൂറോപ്പും സാമ്രാജ്യത്തിന്റെ മുഖ്യഭാഗവും റോമന്‍ ഭാഗത്തിനു വേണ്ടിയാണ് നിലകൊണ്ടത്.                                                                                                                         ചില വിശുദ്ധരെയും ഈ പക്ഷങ്ങളില്‍ ദേശീയതലത്തില്‍ കാണുവാന്‍ സാധിക്കും. സ്‌പെയിനില്‍ നിന്നുള്ള വി. വിന്‍സെന്റ് ഫെററും ഫ്രാന്‍സില്‍ നിന്നുള്ള വി. കോളേറ്റും അവിഞ്ഞോണ്‍ പക്ഷത്തെ അനുകൂലിച്ചു. സീയന്നായിലെ വി. കത്രീനാ തുടങ്ങിയവര്‍ റോമന്‍ പാപ്പായെ അനുകൂലിക്കുന്നവരായിരുന്നു. സന്ന്യാസസഭകള്‍ അവയില്‍ തന്നെ വിഭജിക്കപ്പെട്ടിരുന്നു. ഒരു സാധാരണ അത്മായനെയോ പുരോഹിതനെയോ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് വിശ്വസനീയമെന്ന് തോന്നിയിരുന്ന ഒരു അധികാരിയുടെ നിശ്ചയം സ്വീകരിക്കുകയും തന്റെ പാപ്പാ സഭയില്‍ നിന്നു പുറംതള്ളപ്പെട്ടവനും ശീശ്മക്കാരനും ആകാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും മാത്രമേ രണീയമായുണ്ടായിരുന്നുള്ളു'' (തിരുസ്സഭാചരിത്രം, പേജ് 476-77; 479-81).                                                                                                                                                                                                                   (തുടരും)   

2 അഭിപ്രായങ്ങൾ:

  1. Joseph MatthewMarch 8, 2013 at 3:35 AM
    1. (1378 മാര്‍ച്ചുമാസം 27-ാം തിയതി പോപ്പ് ഗ്രിഗറി പത്താമന്‍ ചരമമടഞ്ഞു. -ശ്രീ പുലിക്കുന്നന്‍)
    1378 മാര്‍ച്ചു മാസം മരിച്ച മാര്‍പാപ്പാ ഗ്രിഗറി പതിനൊന്നാമനാണ്. വാഴ്ത്തപ്പെട്ടവനായ ഗ്രിഗറി പത്താമന്‍ ജീവിച്ചിരുന്നത് 1210-1276 കാലയളവിലായിരുന്നു. 1271-1276 കാലഘട്ടത്തില്‍ അദ്ദേഹം മാര്‍പാപ്പായായിരുന്നു.

    2. അവരില്‍ പതിനൊന്നു പേര്‍ ഇറ്റലിക്കാരും നാലുപേര്‍ ഫ്രഞ്ചുകാരും ഒരാള്‍ സ്‌പെയിന്‍കാരനുമായിരുന്നു. വിജയത്തിന്നാവശ്യമായ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നു.: ശ്രീ പുലിക്കുന്നന്‍) കത്തോലിക്കാ വിജ്ഞാനകോശത്തില്‍ 1378-ലെ കോണ്‌ക്ലേവിനെപ്പറ്റി പറയുന്നത് നാല് ഇറ്റാലിയന്‍കര്‍ദ്ദിനാള്‍, അഞ്ചു ഫ്രഞ്ചുകാര്‍ ബാക്കി ഏഴുപേര്‍ ഫ്രാന്‍സിന്റെ സമീപപ്രദേശങ്ങളില്‌ നിന്നുമുള്ളവരും.

    ലേഖനത്തില്‍ പറഞ്ഞ പതിനൊന്നു പേര് ഇറ്റലിക്കാരും അഞ്ചു ഫ്രഞ്ചുകാരും ഉള്ള കര്‍ദ്ദിനാള്‍ കോളേജില്‍ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാരു നയിച്ചുവെന്നു പറയുന്നതും യുക്തിയില്ല.

    ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നതു ശരിതന്നെ. കാരണം മറ്റുള്ള ഏഴു കര്‍ദ്ദിനാള്‍മാര്‍ ഫ്രാന്‍സിന്റെ സമീപപ്രദേശങ്ങളില്‌ നിന്നുമുള്ളവരായിരുന്നു.

    Joseph MatthewMarch 8, 2013 at 6:16 AM
    (ആസന്നമായിരിക്കുന്ന അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാളന്മാര്‍ താമസംവിനാ റോമിലെ ഏറ്റവും പ്രായംകൂടിയ ഒരു കര്‍ദ്ദിനാളിനെ പാപ്പായുടെ വേഷമണിയിച്ച് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി.: ശ്രീ പുലിക്കുന്നന്‍) ലേഖനം വായിക്കുന്നവര്‍ ഈ മാര്‍പാപ്പാ വേഷംധാരി തെരഞ്ഞെടുത്ത ഉര്‍ബാന്‍ആറാമന്‍ മാര്‍പാപ്പായെന്നു തെറ്റിധരിക്കും. ജനങ്ങളെ ശാന്തരാക്കുവാന്‍ മാര്‍പാപ്പായുടെ വേഷം അണിയിച്ചുകൊണ്ടുവന്ന കപടവൃദ്ധനായ കാര്‍ഡിനല്‍ന്റെ പേര്‌ ഫ്രാന്‍സിസ്കോ ടെബാല്ദെസ്ചി (Francisco Tebaldeschi- ±1298-1378)എന്നായിരുന്നു. ഹിസ്റ്റീരിയായും ഭ്രാന്തുമായിരുന്ന ഈ വൃദ്ധന്‍ പുറത്തുവന്നു ജനക്കൂട്ടത്തെ ശപിച്ചുകൊണ്ട് പിശാചുക്കളുടെ സന്തതികള്‍ എന്ന് വിളിച്ചെന്നും ചരിത്രം പറയുന്നു. ജനം എതിര്‍‌ത്തതുകൊണ്ട് മാര്‍‌പാപ്പായായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തില്ല. കാര്‍ഡിനല്‍കോളെജ് ജനങ്ങളെ ഭയന്ന് ഉര്‍ബാന്‍ആറാമനെ മാര്‍പാപ്പായായി വഴിക്കുവാന്‍ നിര്‍ബന്ധിതരായി. ഭ്രാന്തന്‍ മാര്‍പാപ്പായെന്നു പ്രഞ്ചുകാര്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ക്രൂരനും പരുക്കനും മറ്റുള്ളവര്‍ക്ക് യാതൊരു ബഹുമാനവും കല്‍പ്പിക്കാത്തവനുമായ ഒരു നികൃഷ്ടമാര്‍പാപ്പയെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

    Reply

    മറുപടിഇല്ലാതാക്കൂ

  2. Joseph MatthewMarch 8, 2013 at 7:34 PM
    പേപ്പസി - ചരിത്രപരമായ വികാസം എന്ന ശ്രീ പുലിക്കുന്നന്റെ ലേഖനത്തില്‍ ഒരേ സമയം വിവാദപരമായി സഭയിലുണ്ടായിരുന്ന രണ്ടു മാര്‍പാപ്പാമാരുടെ മത്സരം പര്യവസാനിച്ചതെങ്ങനെയെന്നു വ്യക്തമാക്കിയിട്ടില്ല. ഡോ. കൂടപ്പുഴയുടെ ചരിത്രകുറിപ്പിലും അവ്യക്തത കാണുന്നു. അക്കാലയളവില്‍ ഫ്രാന്‍സിലും ഇറ്റലിയിലും രണ്ടു മാര്‍പാപ്പാമാര്‍ സഭയെ നയിച്ചത് ഭക്തലോകത്തെയും ദുഖിതരാക്കിയിരുന്നു. മാര്‍പാപ്പയുടെ അന്തസ്സിനും വിലയില്ലാതായി. ആരാണ് സത്യമായ മാര്‍പാപ്പായെന്നു നീതികരിക്കുവാനും ജനങ്ങളെ ബോധവാന്മാരാക്കുവാനും പ്രയാസമായിരുന്നു.

    ഇതിനു പരിഹാരംതേടി 1409-ല്‍ രണ്ടു മാര്‍പാപ്പാമാരുടെയും കര്‍ദ്ദിനാളന്മാര്‍ യോജിച്ചു പൊതുവായ ഒരു മാര്‍പാപ്പയെ കണ്ടെത്തുവാന്‍ തീരുമാനിച്ചു. കര്‍ദ്ദിനാള്‍മാരുടെ കൂട്ടായ്മയായ പിസ്സാകൌണ്‍സില്‍ വിളിച്ചുകൂട്ടി അനുരജ്ഞനസംഘടയുണ്ടാക്കി.(The Conciliar Movement) രണ്ടു മാര്‍പാപ്പാമാരുടെയും കര്‍ദ്ദിനാള്‍മാര്‍ ഒന്നിച്ചുള്ള ഈ നീക്കത്തിന് മാര്‍പാപ്പാമാരുടെമേല്‍ പരമാധികാരം കല്‍പ്പിച്ചു. പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ മാര്‍പാപ്പാമാര്‍ ഇരുവരെയും ഔദ്യോഗിക സ്ഥാനത്തില്‍നിന്ന് മാറ്റി മൂന്നാമത് പുതിയ മാര്‍പാപ്പായായി അലക്സാണ്ടര്‍ അഞ്ചാമനെ തിരഞ്ഞെടുത്തു. എന്നാല്‍ മറ്റു രണ്ടു മാര്‍പാപ്പാമാരും ഏകോപന കര്‍ദ്ദിനാള്‍കമ്മിറ്റിയുടെ തീരുമാനം അംഗികരിച്ചില്ല. അവര്‍ രാജിവെച്ചു പുറത്തുപൊകുവാന്‍ തയ്യാറായില്ല. അങ്ങനെ ഒരേസമയം സഭയില്‍ മൂന്നു മാര്‍പാപ്പാമാര്‍ ഉണ്ടായി.

    സഭ സത്യമായ പോപ്പായി ഇറ്റലിയിലെ മാര്‍പാപ്പയെയാണ് അംഗികരിച്ചിരിക്കുന്നത്. മറ്റവര്‍ രണ്ടുപേരും വ്യാജന്മാരായും കരുതുന്നു. കാരണം ഒരു മാര്‍പാപ്പാ രാജിവെക്കാതെയോ, മരിക്കാതെയോ മറ്റൊരു മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ പാടില്ലായെന്നും പാരമ്പര്യമായ നിയമം ഉണ്ടായിരുന്നു.

    1417-ല്‍ മാത്രമാണ് ഈ പ്രശ്നത്തിനു പരിഹാരം കാണുവാന്‍ സാധിച്ചത്. മൂന്നു മാര്‍പാപ്പാമാരും അധികാരമൊഴിഞ്ഞ് രാജിവെക്കുകയോ വെപ്പിക്കുകയോ ചെയ്തു. അന്നു റോമിന്റെ മാര്‌പാപ്പായായ ഗ്രിഗറി പന്ത്രാമന്‍ സമ്മതനായ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കൌണ്‍സിലിനെ അംഗികരിച്ചു.സഭ കരുതുന്ന വ്യാജമാര്‍പാപ്പാ ജോണ്‍ ഇരുപത്തിമൂന്നാമാനെ അധികാരത്തില്‍നിന്നു പുറത്താക്കി.

    കോണ്‍സ്റ്റന്സ് കൌണ്‍സില്‍ കര്‍ദ്ദിനാള്‍മാരുടെ യോഗംകൂടി മാര്‍ട്ടിന്‍ അഞ്ചാമനെ (1417-1431) സത്യമായ മാര്‍പാപ്പായായി തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ അഞ്ചാമന്‍, പ്രഭു കുടുംബമായ അഗവിറ്റോ -കാതറീന ദമ്പതികളുടെ മകനായിട്ടായിരുന്നു ജനിച്ചതും വളര്‍ന്നതും. എങ്കിലും കര്‍ദ്ദിനാളന്മാരുടെ അനുരജ്ഞന സമിതിക്കു മാര്‍പാപ്പാമാരുടെ മേലുള്ള അധികാരം തുടര്‍ന്നിരുന്നു. മാര്‍പാപ്പയും സമിതിയുടെ തീരുമാനങ്ങള്‍ സ്വീകരിക്കണമായിരുന്നു. 1449- ല്‍ അനുരജ്ഞന സമിതിയില്‍ പൊതുവായ തീരുമാനങ്ങള്‍ക്ക് ഐക്യമത്യം ഇല്ലാതായി.1460-ല്‍ അന്നത്തെ മാര്‍പപ്പാ പയസ് രണ്ടാമന്‍ (1458-1464) ചാക്രിക ലേഖനംവഴി മാര്‍പാപ്പയുടെ പരമാധികാരം കല്‍പ്പിച്ചു. സഭയുടെ തീരുമാനങ്ങള്‍ക്ക് മാര്‍പാപ്പയുടെമേലുള്ള കൌണ്‍സിലിന്‍റെ അധികാരപരിധി ഇല്ലാതാക്കി.

    മറുപടിഇല്ലാതാക്കൂ