2013, ജനുവരി 2, ബുധനാഴ്‌ച

ഏഴു വ്യാകുലങ്ങള്‍


ജോസഫ് പുലിക്കുന്നേല്‍
(1975 ഡിസംബര്‍ ലക്കം ഓശാന മാസികയില്‍നിന്ന്)

1875-കേരളത്തിലെ കത്തോലിക്കരെ സംബന്ധിച്ച് സുപ്രധാനമായ ഒരു വര്‍ഷമാണ്. ആ വര്‍ഷമാണ്, പാതിരിമെത്രാന്മാര്‍ക്കെതിരായി, മാന്നാനം കൊവേന്തിയിലെ 7 അച്ചന്മാര്‍ റോമിന് അപേക്ഷയയച്ചത്. വരാപ്പുഴമെത്രാന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും കേരള കത്തോലിക്കരെ വിടര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്, ഈ പുരോഹിതന്മാരെ വരാപ്പുഴമെത്രാന്‍ ലിയോനാര്‍ദ്ദ് കര്‍മ്മലീത്താ സഭയില്‍നിന്നും പുറംതള്ളി.
അവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
(1) പഴേപറമ്പില്‍ ലൂയീസച്ചന്‍ (പിന്നീട് വികാരിയത്തിന്റെ മെത്രാന്‍)
(2) മീനാട്ടൂര്‍ എമ്മാനുവല്‍ അച്ചന്‍
(3) കീരിഇരുമ്പന്‍ ഗീവറുഗീസച്ചന്‍
(4) മാതേക്കല്‍ മത്തായി അച്ചന്‍
(5) ശങ്കരിക്കല്‍ പൗലോസച്ചന്‍
(6) ചാവറയില്‍ യൗസേപ്പച്ചന്‍
(7) തറവാട്ടില്‍ ഹില്ലാരിയോസച്ചന്‍

വരാപ്പുഴമെത്രാന്റെ അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പടവാളുയര്‍ത്തിയ ഈ വൈദികര്‍ പിന്നീട് ''ഏഴു വ്യാകുലങ്ങള്‍'' എന്ന പേരിലറിയപ്പെട്ടു. ഇവരെ പുറംതള്ളികൊണ്ട് ലിയോനാര്‍ദു മെത്രാന്‍ അയച്ച ഇടയലേഖനം താഴെ കൊടുക്കുന്നു. അപ്പസ്‌തോലന്മാരുടെ പിന്‍ഗാമിത്വവും, പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും അവകാശപ്പെടുന്ന പ്രസ്തുത മെത്രാന്റെ കല്പന ശ്രദ്ധിക്കുക.


''ദൈവകൃപയാലും, ശ്ലീഹായ്ക്കടതുത് സിംഹാസനത്തിന്റെ മനോഗുണത്താലെയും, മലയാളത്തിന്റെ വികാരി അപ്പസ്‌തോലിക്കാ ആകുന്ന നാം, പ്രൊ:ലെയോനാര്‍ദൊ, ദെ, സാംളൂവിസ്, നിക്കോമേദ്യാ എന്ന ദിക്കിന്റെ മെത്രാപ്പോലീത്താ, മന്നാനം മുതലായ കൊവേന്തകളിലെ പെ. ബ: പ്രിയോറിന്.
എന്നാല്‍ സന്യാസികളുടെ നാമവും വസ്ത്രവും ധരിച്ച് ശ്ലീഹാന്മാരുടെ കൂട്ടത്തില്‍ യൂദാസ്‌കരിയോത്തായെപ്പോലെയും, കുഞ്ഞാടുകളുടെ തൊഴുത്തില്‍ ചെന്നായ്ക്കളെപ്പോലെയും, അവരുടെ ഹൃദയത്തില്‍ നരകവിഷം കലക്കിക്കൊണ്ട്, കൂടപത്രക്കാരെപോലെ പിശാചുക്കളുടെ സ്വരത്തിന് ചെവികൊടുത്തുംകൊണ്ട് ദുഷ്ടതയാലെ ബുദ്ധിമയങ്ങി അവരുടെ ദുരാശകളും, തന്നിഷ്ടങ്ങളും, ഒക്കെയും നന്മയെന്നും അതുതന്നെ നിറവേറ്റണമെന്നും വച്ച് ആയുസ്സും, നേരവും ഇതിനായി ചിലവഴിച്ചുവരുന്ന ചില കള്ളഭക്തിക്കാര്‍ ഈ കൊവേന്തകളില്‍ പാര്‍ത്തുവരുന്നു എന്ന് നാം അറിഞ്ഞിരിക്കുന്നു....ഇങ്ങനെയുള്ളവരുടെ മനോമൂര്‍ക്കതയും, ഹൃദയകാഠിന്യവും, വൈരാഗ്യഭാവവും, ഇവര്‍ വഴിയായി നടന്നുവരുന്ന ദുര്‍മര്യാദകളും നോക്കുമ്പോള്‍, മുമ്പിനാല്‍ തന്നെ ഇവര്‍ക്ക് യോഗ്യമായ വിധത്തില്‍ ഇവരോട് പ്രവര്‍ത്തിക്കേണ്ടിയിരുന്നു എന്ന് നാം കാണുന്നു..... എന്നാല്‍ ഇവരുടെ ഇത്ര മഹാരഹസ്യ ആലോചനകളും, പ്രാണന്‍ വച്ചുകൊണ്ടുള്ള മഹാവല്യസത്യവും എന്തുവന്നാലും പിന്‍വാങ്ങുകയില്ലെന്നുള്ള മൂര്‍ക്കതയും, അതു സ്ഥിരപ്പെടുത്തുവാന്‍ മേല്‍പ്പട്ടക്കാര്‍ക്കും തലവന്മാര്‍ക്കും വിരോധമായി പറഞ്ഞുനടത്തുന്ന നാനാവിധ ദൂറുകളും അവരോടുകാണിക്കുന്ന ധിക്കാരങ്ങളും ആരുടെയെങ്കിലും എഴുത്തുകളെ പിടിക്കയും, പൊട്ടിച്ചുവായിക്കയും, ആരുടെയെങ്കിലും കയ്യൊപ്പിട്ട് കള്ളകത്തുകളെ ഉണ്ടാക്കുകയും, ആര്‍ക്കെങ്കിലും എഴുതുകയും, എഴുതിയ്ക്കുകയും, ജനങ്ങളില്‍ മഹാഉതപ്പു പരസ്യമായിട്ടുണ്ടാകുന്നു എന്നു കണ്ടിട്ടും, അവരെ കുത്തി വാശികേറ്റിക്കൊണ്ട് ചിരിക്കയും, തങ്ങളെ സഹായിക്കാതിരിക്കയോ, വിരോധിക്കയോ, ചെയ്യുന്നവരെക്കൊണ്ട്, സകലദൂഷണങ്ങളും പറഞ്ഞറീക്കയും, പാടുള്ളിടത്തോളം ഞെരുക്കുകയും, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തവണ്ണം ഇവരുടെ ശങ്കില്‍ പുറപ്പെടുന്ന നരകസര്‍പ്പത്തിന്റെ വിഷം എവിടെ നിന്ന്?.... ഇങ്ങനെയുള്ള ദുഷ്‌ക്രിയകളുടെ ആധിക്യം കൊണ്ട് അല്‍മേനികള്‍കൂടെയും ഇവരെ വിഷസര്‍പ്പങ്ങളെന്നും, പിശാചുക്കളെന്നും പരസ്യമായി വിളിക്കാന്‍ മടിക്കുന്നില്ല. -ആ ഇവര്‍ തീവണ്ടിയേക്കാള്‍ ശീഘ്രത്തില്‍ നരക പാതാളത്തിലേയ്ക്ക് കടക്കുന്നു. വൈരത്തേക്കാള്‍ ഇവരുടെ ശങ്ക കടുത്തുപോയി. ഇരുട്ടുകുഴിയേക്കാള്‍ ഇവരുടെ ബോധവും, ആത്മാവും, അന്ധകാരമായിപ്പോയി.....
പുണ്യവാന്മാരെ ജനിപ്പിച്ച് കാക്കുന്ന കൊവേന്തകളില്‍ ഈ മിണ്ടാമാര്‍ഗ്ഗത്തിന്റെ കണ്ടെത്തിപ്പുകാരനായ നരകപിശാചുകള്‍ എങ്ങിനെ ഉണ്ടായി എന്നോര്‍ക്കുമ്പോള്‍ ബോധം ഭ്രമിക്കുന്നു....


വിശേഷിച്ച് ഏവരുടേയും പൊതുരക്ഷയും ഗുണവും വിചാരിപ്പാന്‍ ഉള്ള കടം നമ്മുടെമേല്‍ വന്നിരിക്കയാല്‍ ആത്മാവുകളുടെ നിത്യനാശത്തിന് കാരണമാകുന്ന ഈ വസന്ത പിടിച്ചിരിക്കുന്ന ആളുകള്‍, ഒരുകൂട്ടത്തില്‍ ഉണ്ടായിരിക്കുന്നതുവരേയും, പുത്തനായിട്ടു പട്ടമേല്‍ക്കുന്ന യാതൊരുത്തനേയും, അങ്ങോട്ടയയ്ക്കാനും, കുടിപാര്‍പ്പിക്കാനും നമ്മുടെ കടത്തിനും തക്കവണ്ണം പാടുള്ളതല്ല എന്ന് അറിഞ്ഞിരിക്കണം.
ഇത് മഞ്ഞുമ്മേല്‍നിന്നും 1876-ാം കാലം മകരം 15-ാം തീയതി
(ഒപ്പ്)
+Fr. Leonardo des Luis
Arch. Epis Vie. Ap.

അച്ചടിച്ചാല്‍ 10 പേജു വരുന്ന ഈ ''ഇടയലേഖനം'' മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. ആ ലേഖനം ഉടനീളം ശാപവചനങ്ങളാണ്. ''ശ്ലീഹാന്മാരുടെ പിന്‍ഗാമിയായ'' മെത്രാന്‍ ''നരകസന്തതിയെന്നും ''യൂദാസ് കരിയോത്താ''യെന്നും ''മൂര്‍ക്കനെന്നും'' മറ്റും ശപിച്ചവരില്‍ ഒരുവനായ ലൂയീസ് പഴേപറമ്പിലാണ് പിന്നീട് എറണാകുളം വികാരിയത്തിന്റെ മെത്രാനായതെന്ന് ഓര്‍ക്കുമ്പോള്‍, ''ഈ ശ്ലീഹായ്ക്കടുത്ത'' ശാപവചനങ്ങളുടെ വിലയെന്തെന്ന് ചിന്തിച്ചുപോകുന്നു! മിശിഹാ തന്ന അധികാരമെന്നു പറഞ്ഞ് അഹങ്കരിച്ച്, അധികാരത്തിന്റെ മധുരരസം കുടിച്ച്, ദൈവത്തിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കുന്നവര്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം അവര്‍ ശപിച്ചിട്ടുണ്ട്. സ്വന്തം കാര്യം നേടുന്നതിന് അവര്‍ക്ക് ഹല്ലേലുയ്യാ പറഞ്ഞ് നില്‍ക്കുന്ന സമുദായ നേതാക്കളായ ''മേനിക്കണ്ടപ്പന്മാര്‍'' അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെല്ലാം, നവീകരണ ചിന്തയുടെ കുത്തൊഴുക്കില്‍പെട്ട്, ചരിത്രത്തില്‍പോലും അവശേഷിക്കാത്തവിധം മറക്കപ്പെടും. സത്യം അന്തിമമായി ജയിക്കും.

(ഉദ്ധരണികള്‍ ഐ.സി. ചാക്കോയുടെ ''മാര്‍ ലൂയീസ് പഴേപറമ്പില്‍'' എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നാണ്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ