2012, ഡിസംബർ 3, തിങ്കളാഴ്‌ച

ഗാന്ധിരാജാവ് ?!!!

ജോസഫ് പുലിക്കുന്നേല്‍
(1975 നവംബറിലെ ഓശാനമാസികയില്‍നിന്ന്) 

കേള്‍ക്കുമ്പോള്‍തന്നെ എന്തോ ഒരപാകത തോന്നുന്നില്ലേ? അര്‍ദ്ധനഗ്നനായി, ഇന്‍ഡ്യയിലെ ഏതു ഗ്രാമത്തിലും കാണുന്ന ഒരു കൃഷീവലനെപ്പോലിരിക്കുന്ന ഗാന്ധിജിയെ ഏതെങ്കിലും ചിത്രകാരന്‍ രാജാവായി ഭാവനയില്‍ കണ്ട്, തലയില്‍ രത്‌നഖചിതമായ ഒരു കിരീടവും, ദേഹത്തില്‍ സ്വര്‍ണ്ണക്കസവ് തുന്നിപ്പിടിപ്പിച്ച കുപ്പായവും കയ്യില്‍ ചെങ്കോലും കാലില്‍ ഷൂസും മറ്റുമായിട്ടു വരയ്ക്കുന്നു എന്ന് വിചാരിക്കുക! അത് വികൃതവും, ഗാന്ധിയുടെ ആത്മാവിനോട് ചെയ്യുന്ന കഠിനമായ അപരാധവും ആയിത്തീരുകയില്ലേ? ഗാന്ധിജി ഭാരതത്തിലെ ജനഹൃദയങ്ങളില്‍, രാജാവായിരുന്നു. (രാജാവ് എന്ന പദം 'അധികാരി' എന്ന അര്‍ത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്.) അതിനെ സൂചിപ്പിക്കാനായി, രാജകീയവേഷത്തില്‍ ഗാന്ധിജിയെ വരയ്ക്കാനോ പ്രതിമകൊത്താനോ ഒരു കലാകാരനും തയ്യാറായിട്ടില്ല. ഗാന്ധിജിയുടെ ഭാഗ്യം!

പുല്‍ക്കൂട്ടില്‍ പിറന്നവന്‍
ക്രിസ്തുവിന്റെ ജീവിതം നമുക്ക് ഒന്നു പരിശോധിക്കാം. കാലിത്തൊഴുത്ത് എന്നത് വൃത്തികേടിന്റെ ഒരു പര്യായമാണ്. ഒരു മനുഷ്യന് ജനിക്കാന്‍ ഒട്ടും പറ്റാത്ത സ്ഥലമാണത്. ലോകചരിത്രത്തില്‍ വളരെ അപൂര്‍വ്വം മനുഷ്യജീവികളേ കാലിത്തൊഴുത്തില്‍ പിറന്നുകാണാന്‍ ഇടയുള്ളു. അവിടെയാണ് യേശു ജനിച്ചത്. മരിച്ചതോ? അക്കാലത്ത് കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും മാത്രം ഒരുക്കിയിരുന്ന മരക്കുരിശില്‍. 33 കൊല്ലത്തെ ജീവിതത്തില്‍ 3 കൊല്ലത്തെ ജീവിതത്തേക്കുറിച്ചേ നമുക്ക് അറിവുള്ളു; ആ കാലഘട്ടത്തില്‍ അനുയായികളായി ലഭിച്ചതോ, അക്ഷരജ്ഞാനമില്ലാത്ത മുക്കുവന്മാര്‍! പണ്ഡിതന്മാരും പണക്കാരും പ്രതാപികളും ഭരണാധികാരികളും, മതാധികാരികളും യേശുവിനെ പുച്ഛിച്ചുതളളി. പോവപ്പെട്ടവരോടൊപ്പം ജീവിച്ചു. അവസാനം സ്വന്തം അനുയായികളാല്‍പോലും ഉപേക്ഷിക്കപ്പെട്ടു മരിച്ചു. ഭൗതികമായി യാതൊരു നേട്ടവും യേശുവിന് ഉണ്ടായിരുന്നില്ല; ഉണ്ടാകണമെന്ന് ആഗ്രഹവുമില്ലായിരുന്നു.

മിശിഹാരാജാവ്
ആ യേശുവിനെ ഇന്ന് നിങ്ങള്‍ ഒന്നു നോക്കൂ! നിങ്ങളുടെ വീട്ടിലെ പ്രധാന സ്ഥാനത്ത് പസ്‌ക്കിയിട്ട് (എൃമാല ചെയ്ത്), മെഴുകുതിരികളാലും, ബള്‍ബുകളാലും അലങ്കരിക്കപ്പെട്ട്, ഏറ്റവുമധികം ബഹുമാനാദരവുകള്‍ക്ക് അര്‍ഹനായി ഇരിപ്പുണ്ട്. മനോഹരമായ വിവിധ വര്‍ണ്ണങ്ങളുള്ള പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞ്, തലമുടി കലാപരമായി രണ്ടു വശത്തേക്കും ചീകിവെച്ച്, വടിവൊത്ത മുഖത്തിന് ഭൂഷണമായ താടി ചീകിഒതുക്കി അതീവസുന്ദരമായി കാണപ്പെടുന്ന നല്ല ആര്‍ട്ടുപേപ്പറില്‍ അച്ചടിച്ച ആ പടത്തിന്റെ മുമ്പില്‍ നിങ്ങള്‍ മുട്ടുകുത്തി നിന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നില്ലേ? ഒരു പക്ഷേ പല പടങ്ങളിലും തിരുഹൃദയം നെഞ്ചിനു പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും! ആ ഹൃദയത്തില്‍നിന്നും തീജ്ജ്വാലകള്‍ കത്തി നില്‍ക്കുന്നതായി വരച്ചിട്ടുണ്ടാകും!!! നിങ്ങളുടെ വീട്ടിലെ മിശിഹാരാജാവിന്റെ തലയില്‍, കിരീടവും കയ്യില്‍ ചെങ്കോലും രാജകീയ ചിഹ്നങ്ങളും ഉണ്ടായിരിക്കാം!
യേശു ഒരു പൗരസ്ത്യനായിരുന്നു. ശ്ലീഹന്മാരും പൗരസ്ത്യരായിരുന്നു. യേശു ജനിച്ച കാലത്ത്, ഇന്നു യൂറോപ്പെന്നു പറയുന്ന ഭൂവിഭാഗം, നാഗരികതയുടെ പടിവാതിലില്‍നിന്നു വളരെ അകലെയായിരുന്നു. റോമാ എന്ന കൊച്ചു പട്ടണം കയ്യൂക്കുകൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ യൂറോപ്പില്‍ ചിന്താപരമോ സാസംക്കാരികമോ ആയ ഒരു നേതൃത്വം റോമായ്ക്കുണ്ടായിരുന്നില്ല.

ശക്തിപൂജ
റോമിലും യൂറോപ്പിലും പ്രാകൃതമതമാണ് നിലവിലുണ്ടായിരുന്നത്. സ്രഷ്ടാവിനെക്കുറിച്ച് വ്യക്തമായ അവബോധം റോമില്‍ വികസിച്ചിരുന്നില്ല. റോമാസാമ്രാട്ടുകളെ ദൈവാംശമായിക്കണ്ട് ആരാധിച്ചിരുന്ന ഒരു ജനസമൂഹമാണ് അന്നുണ്ടായിരുന്നത്. സ്രഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണങ്ങളേക്കാള്‍ സാമ്രാജ്യങ്ങള്‍ വിപുലപ്പെടുത്തുനനതിനേക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു അവര്‍ക്കു പ്രധാനം. ധാര്‍മ്മിക ശക്തിയേക്കാള്‍ ശരീരശക്തിയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്നു. അവരില്‍ ധര്‍മ്മബോധം വികാസം പ്രാപിച്ചിരുന്നില്ല. മിശിഹാ ജീവിച്ചിരുന്നപ്പോള്‍, മിശിഹായുടെ സന്ദേശത്തെക്കുറിച്ച് റോമാക്കാര്‍ കേട്ടിരുന്നില്ല. അല്ലെങ്കില്‍ പിതാവായ ദൈവത്തെക്കുറിച്ചും, രക്ഷയെക്കുറിച്ചും ഏകദൈവവിശ്വാസത്തെക്കുറിച്ചും, മറ്റുമുള്ള ക്രിസ്തുവിന്റെ മുരടന്‍ വാദങ്ങളില്‍ റോമാക്കാര്‍ക്ക് താത്പര്യമുണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ക്കറിയേണ്ടിയിരുന്നത് ''നീ യൂദന്മാരുടെ രാജാവാകുന്നുവോ'' എന്നു മാത്രമായിരുന്നു. (യോഹ 18:37) ''താന്‍ സത്യത്തെക്കുറിച്ച് സാക്ഷിക്കുന്നതിനാണു ഈ ലോകത്തില്‍ വന്നരിക്കുന്നത്'' എന്ന് പ്രത്യുത്തരിച്ചപ്പോള്‍ ''സത്യമെന്താകുന്നു''വെന്ന് അലസമായി ചോദിച്ച് പീലാത്തോസ് ക്രിസ്തുവിനെ ഉപേക്ഷിച്ചു.

ക്രിസ്തുവും പൗരസ്ത്യന്‍

മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഭൗതികതയില്‍ എന്നും കാലൂന്നി നിന്നിരുന്ന യൂറോപ്പിന്, ആ രംഗത്ത് ഒന്നുംതന്നെ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ലായെന്ന് കാണാം. എല്ലാ മതങ്ങളും എല്ലാ മതാചാര്യന്മാരും പൗരസ്ത്യരായിരുന്നു. യഹൂദമതം പൗരസ്ത്യമാണ്. ക്രിസ്തുവും മുഹമ്മദും ബുദ്ധനും ജൈനനും സരതുഷ്ടരും വേദേതിഹാസകര്‍ത്താക്കളും പൗരസ്ത്യരായിരുന്നു. സ്രഷ്ടാവിനെ കണ്ടെത്തുവാനുള്ള സൃഷ്ടിയുടെ അതിതീവ്രമായ ബൗദ്ധികപരിശ്രമങ്ങള്‍ നടത്തിയ പൗരസ്ത്യരാണ് ധര്‍മ്മനിയമങ്ങളെ ലോകത്തിന് സംഭാവന ചെയ്തത്.

കുന്തത്തിന്റെ ഭാഷ
ബത്‌ലേഹമിലെ പശുത്തൊഴുത്തില്‍ മരപ്പണിക്കാരന്റെ മകനായി ജനിച്ച്, മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന്, ഭൗതികമായി യാതൊന്നും ഇച്ഛിക്കാതെയും നേടാതെയും, കാല്‍വരിമലമുകളില്‍ മരക്കുരിശില്‍ അപമാനിതനായി മരിച്ച മിശിഹായുടെ ദൗത്യം, മനുഷ്യത്വത്തിന്റെ മാര്‍ദ്ദവമെന്തെന്നറിയാത്ത റോമായിലെ ഭരണാധികാരികളില്‍ ഒരു ചലനമുണ്ടാക്കിയെങ്കിലേ, അത്ഭുതത്തിനവകാശമുള്ളു. പൗരസ്ത്യയായ ക്ലിയോപാട്രയുടെ അധരങ്ങളുടെ മാധുര്യവും റോമാസാമ്രാജ്യത്തിലെ ഭരണനിയന്താക്കളില്‍ സൃഷ്ടിച്ച ചലനങ്ങളുടെ പതിനായിരത്തിലൊന്നുപോലും, ക്രിസ്തുവിന്റെ രക്തത്തിന് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും എളിമയുടെയും വിശ്വാസത്തിന്റെയും രക്ഷയുടെയും സന്ദേശങ്ങള്‍ സാമ്രാജ്യസ്ഥാപനത്തിനുവേണ്ടി കുന്തം കയ്യിലെടുത്ത റോമാക്കാരില്‍ പ്രതികരണം സൃഷ്ടിച്ചെങ്കിലല്ലേ അത്ഭുതമുള്ളു?

കിരീടവും ചെങ്കോലും
എന്നാല്‍, കാല്‍വരിമുകളിലെ ക്രിസ്തുവിനെ മൂന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം റോമായിലെ ഭൗതിക സമ്പല്‍സമൃദ്ധമായ ഏഴുമലമുകളില്‍ സ്ഥാപിച്ചപ്പോള്‍ ആ ക്രിസ്തുവില്‍നിന്ന് ആദ്ധ്യാത്മിക ചൈതന്യം വാര്‍ന്നുപോവുകയും അതിന് പകരമായി ഭൗതികപ്രവാഹം രൂപപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ചക്രവര്‍ത്തിമാരുടെ ആഡംബരവിഭൂഷിതമായ 'തിരുമേനികള്‍' വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത കലാകാരന്മാര്‍, ഇസ്രായേല്‍ക്കാരനായ ഈശോയെ രാജാവാക്കിയതില്‍ അത്ഭുതത്തിനവകാശമില്ല. ഭാവനാസമ്പന്നരായ കലാകാരന്മാരുടെ ഹൃദയങ്ങളില്‍ ഉയര്‍ന്നുവന്ന ഉല്ലേഖകല്ലോലങ്ങള്‍ ക്രിസ്തുവിനെ വൈവിദ്ധ്യമുള്ള നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും ആവിഷ്‌ക്കരിച്ചു.

പ്രഭുക്കന്മാരുടെ വേഷം
തച്ചന്റെ മകന്റെ ശിഷ്യഗണങ്ങളായിരുന്ന അനക്ഷരരും അന്നന്നത്തെയപ്പത്തിന് അന്തിയോളം വേലചെയ്തിരുന്നവരുമായ മുക്കുവന്മാരുടെ പ്രതിനിധികള്‍ എന്ന് അവകാശവാദം പുറപ്പെടുവിച്ചുകൊണ്ട് ചിലര്‍ റോമന്‍ പ്രഭുക്കളുടെ വേഷവിധാനങ്ങളാല്‍ സ്വയം മോടടപിടിപ്പിച്ചു. ചിത്രകാരന്മാര്‍ തങ്കക്കസവുകൊണ്ടുള്ള ആടയാഭരണങ്ങള്‍ ക്രിസ്തുവിനെ അണിയിച്ചു; മുള്‍മുടിയാല്‍ ശോഭിതമായിരുന്ന ശിരസ്സില്‍ സ്വര്‍ണ്ണക്കിരീടവും ഞാങ്കണ പിടിച്ചിരുന്ന കയ്യില്‍ സ്വര്‍ണ്ണ ചെങ്കോലുകളും കൊടുത്തു.
ഇവയെല്ലാം ബോധപൂര്‍വ്വമായിരുന്നു. നാലാം നൂറ്റാണ്ടിനുശേഷം തകര്‍ന്നുകൊണ്ടിരുന്ന റോമാസാമ്രാജ്യത്തിന്റെ അധികാരശലകങ്ങള്‍ ഒന്നൊന്നായി പെറുക്കിയെടുത്ത് ക്രിസ്തുവിന്റെ രക്ഷാകരദൗത്യം എന്തെന്നറിയാത്ത പാശ്ചാത്യ ഭൗതികചിന്തയുടെ സന്താനങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ അധികാരത്തിന്റെ പ്രാകാരങ്ങള്‍ പണിതു.

ചരിത്രപരമായ ദുരന്തം
നസ്രായക്കാരനായ ഈശോ-അഗതികളുടെ ആലംബമായ, കുഷ്ഠരോഗികളുടെ മോചനമായ, വിശക്കുന്നവരുടെ അപ്പമായ, പാപികളുടെ പരിത്രാണമായ, അദ്ധ്വാനിക്കുന്നവരുടെ അത്താണിയായ, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ തൃപ്തിയായ, ദരിദ്രന്മാരുടെ സ്വര്‍ഗ്ഗമായ, ദു:ഖിതരുടെ ആശ്വാസമായ, മനുഷ്യപുത്രനായ ആ ദൈവപുത്രന് റോമാസാമ്രാട്ടിന്റെ രൂപമാണ് പാശ്ചാത്യര്‍ നല്‍കിയത്.
ചരിത്രപരമായ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ക്രിസ്തുവിനെ രാജാവിന്റെ ആടയാഭരണങ്ങള്‍ കൊണ്ട് വിഭൂഷിതനാക്കിയെങ്കില്‍ മാത്രമേ, തങ്ങളുടെ പ്രഭൂത്വജീവിതത്തിന് ഒരു ന്യായീകരണം ജനങ്ങളുടെ മുന്‍പില്‍ വയ്ക്കാനാകൂ. പട്ടുവസ്ത്രങ്ങളും രത്‌നഖചിതകിരീടങ്ങളും, കൊട്ടാരങ്ങളും രാജ്യഭരണവും സ്വായത്തമാക്കിയ പോപ്പിനും കര്‍ദ്ദിനാളിനും മെത്രാനും നസ്രായക്കാരനെ രാജാവാക്കേണ്ടത് ആവശ്യമായിരുന്നു.

ധാരണ തിരുത്തുക
നസ്രായക്കാരനായ ഈശോ-മനുഷ്യപുത്രന്‍-അങ്ങിനെ, റോമാപ്രഭുത്വത്തിന്റെ ആടയാഭരണങ്ങളില്‍ മറയ്ക്കപ്പെട്ടു. പാപിയെത്തേടി അലഞ്ഞുനടക്കുന്ന ക്രിസ്തുവിനെ, വേശ്യയോടും ചുങ്കക്കാരനോടും സമറിയക്കാരിയോടും സ്‌നേഹവാത്സല്യങ്ങളോടെ സംസാരിച്ച ക്രിസ്തുവിനെ, ആണോ ഇന്ന് നാം പ്രാര്‍ത്ഥനാലയങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്? തീര്‍ച്ചയായും അല്ല. പ്രഭുവായ ക്രിസ്തുവിനെ, രാജാവായ ക്രിസ്തുവിനെ, സമ്പന്നനായ ക്രിസ്തുവിനെ, പാശ്ചാത്യഭൗതിക പ്രതാപങ്ങളില്‍ മഹത്വം ദര്‍ശിച്ച കലാകാരന്മാരുടെ ഭാവനയില്‍ വാര്‍ത്തെടുത്ത ക്രിസ്തുവിനെയാണ് ഇന്നും നാം ചില്ലിട്ട് വീടുകളില്‍ സൂക്ഷിക്കുന്നത്; രൂപക്കൂടുകളില്‍ കാണുന്നത്; ക്രിസ്തുമസിനെക്കുറിച്ച് പാശ്ചാത്യപ്രഭുത്വം നമുക്ക് തന്ന ഈ ധാരണ നമ്മുടെ ഹൃദയത്തില്‍നിന്നു പറിച്ചെറിയേണ്ടിയിരിക്കുന്നു.
സാധാരണക്കാരനായ നസ്രായക്കാരന്‍ ഈശോയെ ഭാവനയില്‍ കണ്ടുകൊണ്ട്, ഇന്ന് സഭാധികാരികളുടെ അരമനകളെയും വേഷവിധാനങ്ങളെയും ഭൗതികപ്രതാപങ്ങളെയും മറ്റും ഒന്നു വിലയിരുത്തൂ. നാം മനുഷ്യപുത്രനില്‍നിന്ന് എത്രമാത്രം അകന്നുപോയിരിക്കുന്നു! നാം യഥാര്‍ത്ഥ ക്രൈസ്തവരാകണമെങ്കില്‍, പാശ്ചാത്യചരിത്രകാരന്മാര്‍ വരച്ച, തങ്കക്കസവങ്കിയണിഞ്ഞ, കിരീടം ധരിച്ച, ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തില്‍നിന്നു പറിച്ചെറിയണം. ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണ തിരുത്തണം.

പുതിയ ക്രിസ്മസ്
നാം ഈ ക്രിസ്മസ്സിന്, പട്ടില്‍ പൊതിഞ്ഞ ക്രിസ്തുവിനെയല്ല; വൈക്കോലില്‍, കീറത്തുണികള്‍കൊണ്ട് പൊതിഞ്ഞ്, തണുപ്പുകൊണ്ട് വിറയ്ക്കുന്ന ക്രിസ്തുവിനെ ദര്‍ശിക്കണം. നമ്മുടെ പള്ളികളിലെ ക്രിബ്ബുകളില്‍, പ്രസംഗം കഴിഞ്ഞയുടന്‍, ആടയാഭരണങ്ങള്‍ അണിഞ്ഞ മറിയത്തെയും വസ്ത്രാഡംബരവിഭൂഷിതനായ യൗസേപ്പിനെയും ആണ് പ്രതിഷ്ഠിച്ചിരിക്കന്നത്.

കൊടുതണുപ്പത്ത്, ക്ഷീണിതനായി വെറും തറയില്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട് കിടന്ന്, തന്റെ ഓമനപ്പുത്രനെ പ്രസവിച്ച മറിയത്തെയാണ് നമുക്ക് കാണേണ്ടത്. തന്റെ ഭാര്യയുടെ വേദനയില്‍ ഹൃദയംകൊണ്ട് പങ്കുചേര്‍ന്ന്, പ്രസവം കാത്തുനില്‍ക്കുന്ന നിഷ്‌ക്കളങ്കനും, തരളഹൃദയനുമായ യൗസേപ്പിനെയാണ് നാം കാണേണ്ടത്. അവര്‍ അവശരുടെ വര്‍ഗ്ഗമായിരുന്നു. ഇല്ലാത്തവരായിരുന്നു, അവരുടെ മാനസികസഖികള്‍.
പക്ഷേ, തങ്ങള്‍ ആര്‍ജ്ജിച്ചനുഭവിച്ചുകൊണ്ടിരുന്ന സമ്പത്തിന് ന്യായീകരണമായി, പാശ്ചാത്യപ്രഭുത്വം കെട്ടിയുണ്ടാക്കിയ സമ്പന്നതയുടെ 'പശുത്തൊഴുത്തില്‍' ചെന്ന് നമുക്ക് മനുഷ്യപുത്രനെ കാണേണ്ട.

രാജാവായിപ്പിറന്ന ശ്രീബുദ്ധന് പൗരസ്ത്യര്‍ കിരീടം കൊടുത്തില്ല; രാഷ്ട്രീയാധികാരത്തിനു വേണ്ടി പോരാടിയ ഗാന്ധിജിയെ പൗരസ്ത്യര്‍ രാജാവാക്കിയില്ല; ഇവരേക്കാളെല്ലാം അധികമായി, ജനിച്ചപ്പോള്‍ മുതല്‍ മരിക്കുന്നതുവരെ, മനുഷ്യനോടൊപ്പം ജീവിച്ച ക്രിസ്തുവിനെ റോമന്‍ പ്രഭുത്വം രാജാവാക്കി പ്രതിഷ്ഠിച്ചു.
ചരിത്രത്തിലെ പരമഹീനമായ പ്രവൃത്തിയായിരുന്നു അത്. ആ തെറ്റ് തിരുത്തിയേ മതിയാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ