2012, നവംബർ 7, ബുധനാഴ്‌ച

പ്രാവര്‍ത്തിക ആത്മീയതയും കപട ആത്മീയതയും



ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും 
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ്.

ജോസഫ് പുലിക്കുന്നേല്‍

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എന്റെ സഹപാഠിയായിരുന്ന ഒരു സുഹൃത്ത് സമയം കിട്ടുമ്പോഴെല്ലാം സ്‌കൂളിനടുത്തുള്ള പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ പള്ളിയില്‍പോയി മുട്ടില്‍നിന്ന് ദീര്‍ഘനേരം പ്രാര്‍ഥിക്കും. ഈ പ്രാര്‍ഥനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ണ് പകുതി അടഞ്ഞിരിക്കും. ഇടയ്ക്കിടയ്ക്ക് മുന്നോട്ടാഞ്ഞു നമസ്‌കരിച്ച് തല ഭൂമിയില്‍ മുട്ടിക്കും. അദ്ദേഹത്തിന്റെ പ്രകടനാത്മകമായ ഈ ആദ്ധ്യാത്മികത കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് അധികം കൂട്ടുകാരൊന്നുമില്ല. ഭക്തി കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹം എപ്പോഴും തല്പരനായിരുന്നു. എന്തോ
, അദ്ദേഹത്തിനെന്നോടും എനിക്ക് അയാളോടും സ്‌നേഹമായിരുന്നു.

എസ്.എസ്.എല്‍.സി. കഴിഞ്ഞ് അദ്ദേഹം ഉപരിപഠനത്തിനുപോയിഎന്നറിഞ്ഞു. വളരെക്കാലങ്ങള്‍ക്കുശേഷം ഞാന്‍ അദ്ദേഹത്തെ പാലായില്‍വെച്ചു കണ്ടു. സുഖവിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹം കോര്‍പ്പറേറ്റ് മാനേജ്‌മെന്റില്‍നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. എന്നെ ഇന്ത്യന്‍ കോഫി ഹൗസിലേക്കു ക്ഷണിച്ചു. സംസാരത്തിനിടയില്‍ മനസ്സിലായി. അദ്ദേഹം പൂര്‍ണനായ ഒരു എത്തിസ്റ്റാണെന്ന്. അദ്ദേഹം ഓശാന വായിക്കാറുണ്ട്. എന്നെ അഭിനന്ദിച്ചു. എനിക്ക് അത്ഭുതം തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ പൂര്‍വകാല പ്രാര്‍ഥനാരീതിയെ അനുസ്മരിച്ചു. എന്നോടു പറഞ്ഞു. ''ജോസഫേ അതൊക്കെ ഒരു അഭിനയം അല്ലായിരുന്നോ?'' ഈ അഭിനയത്തിലാണ് ഞാന്‍ രക്ഷപെട്ടതും എനിക്ക് അധ്യാപക ജോലി കിട്ടിയതും.

കപട ആദ്ധ്യാത്മിക പ്രകടനംകൊണ്ട് അദ്ദേഹം എല്ലാവരേയും വഞ്ചിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു: 'അന്നും താങ്കള്‍ ഒരു നാസ്തികനായിരുന്നോ?' അദ്ദേഹം പറഞ്ഞു: 'സംശയം എന്തിന്. 'സഭ മുഴുവന്‍ ഒരുതരം കളിപ്പീരാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനും കളിപ്പിക്കാന്‍ തീരുമാനിച്ച് ആദ്ധ്യാത്മികനായി.' കാപ്പി കുടിച്ച് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇങ്ങനെ രണ്ടു മൂന്ന് അനുഭവങ്ങള്‍ എനിക്കുണ്ട്. ആത്മീയമായ കപടപ്രകടനംകൊണ്ട് കാര്യം നേടുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അതീവ ബുദ്ധിമാന്മാരാണ്. അവരിലൊരാള്‍ എന്നോടു പറഞ്ഞു: 'ഈ അച്ചന്മാരെല്ലാം കാണിക്കുന്നത് ആത്മാര്‍ഥതയോടെയാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടോ? വയറ്റിപ്പിഴപ്പിനുള്ള ഒരു അഭിനയം മാത്രമാണ്.'

നൂറു ശതമാനവും ഇത് സത്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കുര്‍ബാന ചൊല്ലുമ്പോള്‍ ഭക്തി പാരവശ്യംമൂത്ത് മനുഷ്യരെ പറ്റിക്കാന്‍ ഉറക്കെ പ്രാര്‍ഥിക്കുന്നവരുണ്ട്. ഒരു അച്ചന്റെ സംഗീതാത്മകമായ പ്രാര്‍ഥന കേട്ട് എനിക്ക് ചിരിവന്നിട്ടുണ്ട്. അതിങ്ങനെ പോകുന്നു.''പരിശുദ്ധനായയയയയയയ കര്‍ത്താാാാാ േേേേേവേ അേേേേേങ്ങേ'' ഭക്തിപാരവശ്യം പ്രകടമാക്കി നടത്തുന്ന ഈ പ്രാര്‍ഥന കേള്‍ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ഉന്നത ആദ്ധ്യാത്മികതയെക്കുറിച്ച് ബഹുമാനംതോന്നും. പക്ഷേ അടുത്തു പരിചയപ്പെടുമ്പോഴാണ് അതും ഒരു അഭിനയമായി നമുക്കു തോന്നുക.

കപടനാട്യക്കാരായ ഇത്തരം ഭക്തന്മാരെയാണ് യേശു ഏറ്റവും ശക്തമായി അപലപിച്ചത്. മത്തായി 23-ാം അധ്യായത്തില്‍ യേശു അപലപിക്കുന്ന എല്ലാ കപട ആദ്ധ്യാത്മികതയും ഇന്ന് കത്തോലിക്കാസഭയില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്.

''യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 'വേദജ്ഞരും ഫരിസേയരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. അതുകൊണ്ട് അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്, കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു; അവ മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാന്‍വേണ്ടിയാണ്. അവര്‍ തിരുവചനങ്ങള്‍ എഴുതിയ നെറ്റിപ്പട്ടങ്ങള്‍ക്കു വീതി കൂട്ടുന്നു; മേലങ്കിയിലെ തൊങ്ങലുകള്‍ക്കു നീളം കൂട്ടുന്നു; അവര്‍ വിരുന്നുകളില്‍ മുഖ്യസ്ഥാനവും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍ നിന്നു 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു.'' (മത്താ. 23 : 1-7) 



1.
യേശു പറഞ്ഞത്
''പിതാവ് എന്നു വിളിക്കപ്പെടരുത്.'' (മത്താ. 23: 8)

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
സഭയില്‍ പരിശുദ്ധ പിതാവും വലിയ പിതാവും കൊച്ചു പിതാവും കുഞ്ഞു പിതാവും ആയിക്കഴിഞ്ഞു?!! 
2.
യേശു പറഞ്ഞത്
 ''നിങ്ങള്‍ സ്വര്‍ഗരാജ്യം മനുഷ്യരുടെമുന്നില്‍ അടച്ചു കളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിന് അനുവദിക്കുന്നതുമില്ല. വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍ അയാളെ നിങ്ങളെക്കാള്‍ ഇരട്ടിയായി നരകത്തിന് അര്‍ഹനാക്കിത്തീര്‍ക്കുന്നു.

 ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
പിരിവു കൊടുത്തില്ലെങ്കില്‍ കല്യാണം കഴിപ്പിക്കില്ല, മരിച്ചടക്കില്ല. ദശാംശം കൊടുക്കണം. എല്ലാക്കൊല്ലവും വീടു വെഞ്ചരിക്കണം. അതിനു പണം കൊടുക്കണം. വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്തവരെ മാമ്മോദീസ മുക്കുന്നതിന് മിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓടുന്നു. ഇവിടെയുള്ള ആരെയും മാനസാന്തരപ്പെടുത്താന്‍ ആരും പരിശ്രമിക്കാറില്ല. കാരണം ഇവിടെയുള്ളവര്‍ക്കെല്ലാം ബു ദ്ധിയും ബോധവുമുണ്ടെന്ന് അവര്‍ ക്കറിയാം.
കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ മാമ്മോദീസ മുക്കാന്‍ വെള്ളവുമായി നമ്മുടെ അച്ചന്മാര്‍ നടന്നു. മുക്കിയതിനുശേഷം അവരെ പൂര്‍ ണമായും അവഗണിച്ചു. ഭൗതിക ജീവിതത്തില്‍ അവര്‍ക്കു പലതും നഷ്ടപ്പെടുത്തിയെങ്കിലും പുരോഹിതര്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തു!

3.
യേശു പറഞ്ഞത്
അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ''ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ സാരമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ ആ ശപഥം നിറവേറ്റാന്‍ കടപ്പാടുണ്ട്''. അന്ധരായ മൂഢരേ, ഏതാണു വലുത്; സ്വര്‍ണമോ സ്വര്‍ണത്തെ വിശുദ്ധമാക്കുന്ന ദേവാലയമോ? നിങ്ങള്‍ പറയുന്നു: ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ സാരമില്ല. ബലിപീഠത്തില്‍ ഇരിക്കുന്ന വഴിപാടിനെക്കൊണ്ട് ആണയിട്ടാല്‍ അതു നിറവേറ്റാന്‍ കടപ്പാടുണ്ട്.''

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
തീര്‍ഥാടനകേന്ദ്രങ്ങള്‍ നിര്‍മിച്ച് സ്വര്‍ണം കൊണ്ട് ബലിപീഠത്തെ അലങ്കരിക്കുന്നു. ദൈവത്തിന് സ്വര്‍ണം ഇഷ്ടമാണെന്ന് ജനങ്ങളെ ധരിപ്പിക്കുന്നു. പൊന്നും വെള്ളിയും ഇല്ലായെന്നു പറഞ്ഞ പത്രോസിന്റെ അനുയായികള്‍ പൊന്നിന്‍നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നു.
4.
യേശു പറഞ്ഞത്
അന്ധരായ മനുഷ്യരേ, ഏതാണു വലുത്: വഴിപാടോ അതിനെ വിശുദ്ധമാക്കുന്ന ബലിപീഠമോ? ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ ഇരിക്കുന്ന എല്ലാറ്റിനെക്കൊണ്ടുമാണ് ആണയിടുന്നത്. ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്നുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവസിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
മനുഷ്യരെ അന്ധരാക്കി വഴിപാടുകള്‍ വാങ്ങുന്നു. ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു. കോഴിയെ ഗീവര്‍ഗീസ് പുണ്യവാളന്റെ പേരില്‍ റോഡിലിട്ട് കൊന്ന് കടപ്പാട് തീര്‍ക്കുന്നു. (ഇടപ്പള്ളി)
5.
യേശു പറഞ്ഞത്
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! തുളസി, ചതകുപ്പ, ജീരകം ഇവയുടെ ദശാംശം നിങ്ങള്‍ കൊടുക്കുന്നു. പക്ഷേ, നിയമത്തിലെ കൂടുതല്‍ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ, വിശ്വാസം എന്നിവയെ അവഗണിക്കയും ചെയ്യുന്നു. ഇവയാണ്, മറ്റുള്ളവയെ അവഗണിക്കാതെതന്നെ, നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചു നീക്കുന്നു; ഒട്ടകത്തെ വിഴുങ്ങുന്നു.    

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
അന്നത്തെ കപടനാട്യക്കാരായ വേദജ്ഞരും ഫരിസേയരും ചതകുപ്പയില്‍നിന്നും തുളസിയില്‍ നിന്നും ദശാംശം കൊടുത്തിരുന്നു. ഇന്നത്തെ പുരോഹിതര്‍ അതും കൊടുക്കുന്നില്ല. മറ്റുള്ളവരുടെ ദശാംശം വാങ്ങി സുഖിച്ചു ജീവിക്കുന്നു. എന്തും ചെയ്യാന്‍ ഉളുപ്പില്ലാത്തവരാണ് ഇന്നത്തെ പുരോഹിതരെന്ന് ആര്‍ക്കുമറിയാം.
6.
യേശു പറഞ്ഞത്
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ചഷകങ്ങളുടെയും തളികകളുടെയും പുറം വൃത്തിയാക്കുന്നു. എന്നാല്‍ അവയുടെ അകംകൊള്ളയും അത്യാര്‍ത്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, ആദ്യം ചഷകങ്ങളുടെയും തളികകളുടെയും അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറവും വൃത്തിയായിക്കൊള്ളും.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
ഇന്നത്തെ പുരോഹിതരും ഇതുതന്നെയല്ലെ ചെയ്യുന്നത്.
7.
യേശു പറഞ്ഞത്
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളപൂശിയ ശവക്കല്ലറകള്‍ക്കു തുല്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നു; എന്നാല്‍ അവയ്ക്കുള്ളില്‍, മരിച്ചവരുടെ എല്ലുകളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ, മനുഷ്യര്‍ക്കു നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ കാപട്യവും അപരാധവും നിറഞ്ഞിരിക്കുന്നു.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
നിങ്ങള്‍ ളോഹയിടുന്നു. അതിനുമുകളില്‍ സ്വര്‍ണനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. അരയില്‍ ചുമന്ന കെട്ടും തലയില്‍ കിരീടവും വയ്ക്കുന്നു. ഇതെല്ലാം യേശുവിന്റെ പേരില്‍. സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിന് ഭക്തിയെക്കുറിച്ച് പറയുന്നു. ധ്യാനമന്ദിരങ്ങള്‍ പണിയുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്നു.
8.
യേശു പറഞ്ഞത്
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മിക്കുന്നു. നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു. എന്നിട്ടു നിങ്ങള്‍ പറയുന്നു; ''ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ ഈ പ്രവാചകരുടെ രക്തം ചിന്താന്‍ അവര്‍ക്കു ഞങ്ങള്‍ കൂട്ടുനില്ക്കുമായിരുന്നില്ല.'' അങ്ങനെ പ്രവാചകരെ വധിച്ചവരുടെ സന്താനങ്ങളാണ് നിങ്ങള്‍ എന്നു നിങ്ങള്‍ക്ക് എതിരെ നിങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ തുടങ്ങിവച്ച ജോലി പൂര്‍ത്തിയാക്കിക്കൊള്ളൂ.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
അല്‍ഫോന്‍സാമ്മയുടെ ധീരമായ സഹനത്തെക്കുറിച്ച് പറയുന്നു. കാവുകാട്ട് മെത്രാന്റെ ഭക്തിയെക്കുറിച്ചു പറയുന്നു. തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ അവശക്രൈസ്തവര്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നു. അവരെയെല്ലാം നിങ്ങളുതന്നെയാണ് പീഡിപ്പിച്ചത്. അല്‍ഫോന്‍സാമ്മയെ പീഡിപ്പിച്ചു. നിങ്ങളോട് ശരിയായതു പറഞ്ഞവരെ നിങ്ങള്‍ ശിക്ഷിച്ചു. പിന്നീട് അവരുടെ കല്ലറകള്‍ അലങ്കരിച്ച് തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റി പണം വാരുന്നു.
ആരോടും കണക്കു പറയുന്നില്ല. അല്‍ഫോന്‍സാമ്മയുടെ സഹനത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴും ഈ പ്രസംഗകന്‍ ഒന്നും സഹിക്കാന്‍ തയ്യാറല്ല.

യേശു പറഞ്ഞത്

9. സര്‍പ്പങ്ങളേ, അണലിസന്തതികളേ, നരകശിക്ഷയില്‍നിന്നു നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും? അതുകൊണ്ട് പ്രവാചകരെയും ജ്ഞാനികളെയും വേദജ്ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കു നിയോഗിക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ കൊല്ലുകയും ക്രൂശിലേറ്റുകയും ചെയ്യും. ചിലരെ നിങ്ങള്‍ നിങ്ങളുടെ സുനഗോഗുകളില്‍വച്ച് ചാട്ടകൊണ്ട് അടിക്കുകയും പട്ടണങ്ങള്‍തോറും പീഡിപ്പിക്കയും ചെയ്യും. അങ്ങനെ നിഷ്‌കളങ്കനായ ആബേ ലിന്റെ രക്തംമുതല്‍, വിശുദ്ധസ്ഥലത്തിന്നും ബലിപീഠത്തിന്നും മധ്യേവച്ചു നിങ്ങള്‍ വധിച്ചവനും ബെറെഖ്യായുടെ പുത്രനുമായ സെഖര്യായുടെ രക്തം വരെ, ഭൂമിയില്‍ ചിന്തപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ വന്നുചേരും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയുടെമേല്‍ നിപതിക്കും,.'' (മത്താ. 23 : 14-36)
അവിടുന്നു വ്യക്തമായി കല്പിച്ചു:

10. ''മനുഷ്യരെ കാണിക്കാന്‍ വേണ്ടി അവരുടെ മുമ്പില്‍ വച്ചു പുണ്യകര്‍മങ്ങള്‍ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ക്കു സ്വര്‍ഗസ്ഥാനായ നിങ്ങളുടെ പിതാവില്‍നിന്നു പ്രതിഫലം ലഭിക്കുകയില്ല. മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടി കപടഭക്തര്‍ സുനഗോ ഗുകളിലും തെരുവീഥികളിലും വച്ചു ചെയ്യുന്നതുപോലെ, ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ നീ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. മറിച്ച്, നീ ഭിക്ഷ കൊടുക്കുമ്പോള്‍ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. അത്രയ്ക്കു രഹസ്യമായി വേണം ഭിക്ഷ കൊടുക്കാന്‍. രഹസ്യത്തില്‍ ചെയ്യുന്നതെല്ലാം കാണുന്ന പിതാവ് നിനക്കു സമ്മാനം നല്‍കും.

11. 'പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്നും പ്രാര്‍ഥിക്കാനാണ് അവര്‍ക്ക് ഇഷ്ടം. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണം കൊണ്ടു തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കും മുമ്പുതന്നെ നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവിന്ന് അറിയാം.

12. അതുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരണമേ, നിന്റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ. ദിവസേന വേണ്ട അപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.

13. മനുഷ്യരുടെ തെറ്റുകള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍, നിങ്ങളുടെ സ്വര്‍ഗീയ പിതാവു നിങ്ങളോടും ക്ഷമിക്കും. മനുഷ്യരുടെ തെറ്റുകള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയില്ല.

14. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു സമ്മാനം നല്കുകയും ചെയ്യും.

15. ഭൂമിയില്‍ നിക്ഷേപങ്ങള്‍ നിനക്കായി സംഭരിച്ചു വയ്ക്കരുത്. അവിടെ അവയെ കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കും. കള്ളന്മാര്‍ കുത്തിക്കവര്‍ന്നുകൊണ്ടു പോകുകയും ചെയ്യും. കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കാത്തതും കള്ളന്മാര്‍ കവര്‍ച്ച നടത്താത്തതുമായ സ്വര്‍ഗത്തില്‍ നിനക്കായി നിക്ഷേപങ്ങള്‍ കരുതി വയ്ക്കുക, കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.

16. ശരീരത്തിന്റെ വിളക്കു കണ്ണാണ്. അതുകൊണ്ട്, നിന്റെ കണ്ണ് അന്യൂനമാണെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതായിരിക്കും. മറിച്ച്, നിന്റെ കണ്ണിന്നു ന്യൂനതയുണ്ടെങ്കില്‍ ശരീരം മുഴുവന്‍ ഇരുട്ടു നിറഞ്ഞിരിക്കും. നിന്നിലെ വെളിച്ചം തന്നെ ഇരുട്ടാണെങ്കില്‍ ആ ഇരുട്ട് എത്ര വലുതായിരിക്കും!

17. ഒരാള്‍ക്കു രണ്ടു യജമാനന്മാരുടെ അടിമയായിരിക്കാന്‍ സാധ്യമല്ല. അയാള്‍ ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കയും രണ്ടാമനെ സ്‌നേഹിക്കയും ചെയ്യും; അല്ലെങ്കില്‍ ഒന്നാമനോടു കൂറു പുലര്‍ത്തുകയും രണ്ടാമനെ വെറുക്കയും ചെയ്യും. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.'' (മത്തായി 6: 1 - 24)

യേശു വേശ്യകളുടെയും ചുങ്കക്കാരുടെയും പാപികളുടെയും ഒപ്പം വ്യവഹരിച്ചു. ഫരിസേയര്‍ അവഗണിച്ചു തള്ളിയ ജനവിഭാഗങ്ങളെ ദൈവത്തോട് അടുപ്പിച്ചു. യേശു പുരോഹിതര്‍ക്കെതിരെ ഉയര്‍ത്തിയ കഠിനമായ ധര്‍മരോഷം തന്നെ പിഢീപ്പിച്ചവര്‍ക്കെതിരെപോലും അവിടുന്ന് പ്രകടിപ്പിച്ചില്ലെന്ന് ഓര്‍ക്കുക. കാരണം അത് അവരുടെ അജ്ഞതയില്‍നിന്നും ഉണ്ടായതാണ്. എന്നാല്‍ പുരോഹിതര്‍ക്ക് അറിയാമായിരുന്നു, തങ്ങള്‍ ചെയ്തത് തെറ്റാണെന്ന്. പൗരോഹിത്യത്തിന്റെ അധികാരവും ചൂഷണവും നിലനിര്‍ത്തുന്നതിനുവേണ്ടി യേശുവിനെ ക്രൂശിച്ചു.

യേശു ഫരിസേയരോടു പറഞ്ഞു: ''നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്?' അവന്‍ അവരോടു പറഞ്ഞു: ' കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചതു ശരിയാണ്. ഇങ്ങനെ വിശുദ്ധ ലിഖിതത്തിലുണ്ടല്ലോ: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ ഇവരുടെ ഹൃദയമോ, എന്നില്‍നിന്ന് എത്രയോ അകലെയാണ്. മനുഷ്യരുടെ നിയമങ്ങള്‍ പ്രമാണങ്ങള്‍ എന്ന നിലയില്‍ ഇവര്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് ഇവര്‍ എന്നെ ആരാധിക്കുന്നതു നിഷ്ഫലമാണ്.'' നിങ്ങള്‍ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.'' (മര്‍ക്കോ. 7: 5-8).

അവിടുന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞു: ''വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല, സേവിക്കാനാണ്; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്‍കാനാണ്.'' (മത്താ. 20 : 25-28)

അവിടുന്നു പറഞ്ഞു: ''നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്പനകള്‍ പാലിക്കും.'' (യോഹ. 14 : 15)

പക്ഷേ യേശുവിന്റെ കല്പനകളെല്ലാം നിരാകരിച്ചുകൊണ്ട് പഴയനിയമത്തിലെ പുരോഹിതരെപ്പോലെ സഭാമേലധ്യക്ഷന്മാര്‍ പ്രവര്‍ത്തിക്കുന്നു. തന്റെ ജീവിതത്തിന്റെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അവിടുന്ന് അന്ത്യ അത്താഴ ദിവസം ശിഷന്മാരോടു പറഞ്ഞത്. ''ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം, ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ കാലു കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലു കഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു; ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല.; നിങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്.'' (യോഹ. 13 : 12-17)


യേശു ഇസ്രായേലി പുരോഹിതര്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ന് സഭാധ്യക്ഷന്മാര്‍ അനുകരിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം ചെയ്യരുത് എന്നു പറഞ്ഞുവോ അവയെല്ലാം ചെയ്തുകൊണ്ട് തങ്ങളുടെ തലയില്‍ ഇരിക്കുന്ന രാജകിരീടം തങ്ങള്‍ക്കു സംരക്ഷ നല്കും എന്നു പ്രതീക്ഷിക്കുന്നു. ഫരിസേയരും സദ്ദൂക്കിയരും വേദജ്ഞരും ചെയ്തതുപോലെ നിങ്ങളും ക്രിസ്തുവിനെ ആത്മീയമായി എതിര്‍ത്തുകൊണ്ടിരിക്കുന്നു.

(കപടഭക്തി, യേശുവിന്റെ ഉദ്‌ബോധനങ്ങള്‍ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ